ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

ഒരു മഹാദുരന്തത്തിന്റെ സാക്ഷ്യ പത്രം
ഗുജറാത്ത് ഭൂകമ്പാനുഭവത്തിന്റെ പദപകര്‍ച്ച.........

മാനസീശേഷം

ഇന്നഗരവീഥിതന്നോരത്ത് ഗരിമയില്‍
നിന്നതാം അംബരച്ചുംബിയാം സൌധമേ !
മാനസീ! ചേതസ്സില്‍ നീ ചേര്‍ത്തകൌതുകം
മായുകില്ലൊരുനാളുമത്രമേല്‍ സുന്ദരം.

എത്രയാണാളുകള്‍ നിന്നഴക് ദര്‍ശിച്ചു
ചിത്രമെന്നോതിയീ വീഥിയില്‍ നിന്നത്.
അന്നേരമെല്ലാം സുരക്ഷാഭടന്മാരു
ചൊന്നീടുമാക്രോശമോടെ ശകാരങ്ങള്‍.

ഇന്നിവിടെയാളുകള്‍ ആ ഭടന്മാരുടെ
എന്നല്ല നിന്‍ ദീര്‍ഘഗാത്രമിടിഞ്ഞിട്ടു
ചിന്നിക്കിടക്കുന്ന ഖണ്ഡങ്ങള്‍ നോക്കിയി-
ട്ടന്നമുപേക്ഷിച്ചിരിപ്പൂ ശോകാര്‍ദ്രമായ്.

അംബരം മുട്ടെ വളര്‍ന്നതാം മാനുഷ-
വന്‍പുകള്‍ക്കിത്രമേല്‍ ശീഘ്രമാമന്ത്യമോ?
കമ്പിതമായ്ത്തീര്‍ന്ന ഭൂമിയില്‍ നിന്നതിന്‍
അമ്പരപ്പിപ്പോഴുമാറിയില്ലാര്‍ക്കുമേ.

സര്‍വം സഹിയ്ക്കുന്ന ഭൂമിയീ നമ്മള്‍തന്‍
‘സര്‍ഗ്ഗ’ ങ്ങള്‍ താങ്ങാഞ്ഞനങ്ങിയതാകുമോ?
ഉര്‍വ്വിതന്‍ ആ ചെറുകമ്പനമോര്‍ക്കുകില്‍
പര്‍വ്വതമൊക്കിലും ഗര്‍വ്വമിടിഞ്ഞുപോം.

തന്‍ ജന്മ ഭൂമിയ്ക്കു ചട്ടങ്ങള്‍ തീര്‍ത്തതിന്‍
വന്‍ ജയമോര്‍ത്തൊത്തു ഘോഷിച്ചിടാന്‍
സഞ്ചയം ചേരാനൊരുങ്ങവേ മുന്നിലെ
സര്‍വ്വവും ചാഞ്ചാട്ടമാര്‍ന്നു കണ്ടു

ദിക്കുകള്‍ മാറ്റൊലിക്കൊള്ളുമാറൊച്ചയോ-
ടൂക്കോടെ പാഞ്ഞുവന്നീ ഭൂവിടം
ചിക്കെന്നലച്ചുലച്ചമ്പേ! തകര്‍ത്തു ഹാ!
ഉള്‍ക്കനമുള്ളൊരു ഭൂതരംഗം.

ഹന്ത! പിന്നെന്തുഞാന്‍ കണ്ടതു ചൊല്ലുകില്‍
വെന്തുപോം മാനവ ഹൃത്തടങ്ങള്‍.
ദാരുണരംഗങ്ങളോരൊന്നുമോര്‍ക്കുകില്‍
കാരുണ്യധാരകള്‍ ഉദ്ഗമിയ്ക്കും.

മാനംതൊടും മണിമാളികാമാലകള്‍
മണ്ണോടു ചേര്‍ന്നൊരു മാത്രതന്നില്‍
കണ്ടാല്‍ കരുത്തുറ്റതെന്നുതോന്നിയിവ
കടലാസ്സുഹര്‍മ്മ്യങ്ങളായിരുന്നോ?

അചരങ്ങളെല്ലാമനങ്ങിയുലഞ്ഞതി-
ന്നടിയിലെ ജിവികളങ്ങുമിങ്ങും
പ്രാണഭയത്തിനാലോടി ചെന്നെവിടെയൊ
വീണു. നിലവിളി പൊങ്ങിയെങ്ങും.

തച്ചുലച്ചീദേശമവശിഷ്ട
കൂമ്പാരമാക്കിയ ശക്തിരുപീ!
മണ്ണായി നിന്‍ ക്രോധമേറ്റെത്ര നിര്‍മ്മലര്‍ !
മതിയായ നിന്‍ ന്യായമാരറിവൂ!
ഇതിന്റെ ശബ്ദപകര്‍ച്ച.......

http://www.esnips.com/doc/36af49c3-3ce4-428f-a747-d314f3b1f242/M.manaseeshesham

No comments:

Post a Comment

Followers