ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, January 4, 2010

(ഒരു പ്രവാസിയുടെ ) മടക്ക ചിന്ത

തൂമണി മഞ്ഞരുളും കുളിരേല്‍ക്കെ
കാമമുണര്‍ന്നനിലന്നതിഗാഢം
പൂമണിമേനി പുണര്‍ന്നതു മൂലം
കാമിനി യാമിനി പുഞ്ചിരി തൂകെ

ഫുല്ല മനോഹര മുല്ലസുമത്തിന്‍
തുല്ല്യമൊരാഭ ചൊരിഞ്ഞിതു വാനം.
തെല്ലിട നിന്നതു കാണ്‍കെ മനസ്സാം
വല്ലകി മെല്ലെയുതിര്‍ത്തൊരു ഗാനം.

മാദകമാ മധുഗീതിക തീരെ
മോദമകന്നു; പുണര്‍ന്നു വിഷാദം.
മാമകജീവിത ഭാവന മേയും
മാമലനാടതിനോര്‍മ്മകളാലേ.

നന്മ നുരഞ്ഞൊഴുകും പുഴ തീര്‍ക്കും
വെണ്മണി തീരമണഞ്ഞു നിലാവില്‍
ഉണ്മകളോര്‍ത്തു കിടന്ന ദിനങ്ങള്‍
കണ്മണിയാം ചില ചിന്തകളായീ.

ആണ്ടൂകളെത്ര കൊഴിഞ്ഞതി വേഗം
താണ്ടിയ പാതകളെത്ര വിശേഷം.
പൂണ്ടൊരു ജീവിതമുന്നതമാകാം.
വേണ്ടവയാശ മടക്കമതൊന്നേ.

വന്നല തന്നിലിരുന്നു ലസിച്ചാ-
തെന്നലുവന്നു തലോടുകയാലെ
പൊന്നണിയും കതിരോലകളാടും
എന്നുടെ നാട്ടിലിരിയ്ക്കണമെന്നും.

ഹുറേ !

നവമൊരുവത്സരമായിടുമീ
നവമുദദായക പാതിരയില്‍
ധവളവരാംബരധാരിണിയായ്
ചുവടുകളാടിടുമാതിരയും.

കവനഹിതര്‍ക്കിതു മാദകമാം
അവനിയിലെപ്പുതുമോദകമാം.
ശിവമയ മംഗളകാഹളമോ-
ടവിതരമാരതി ചെയ്യുക നാം.

Followers