ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, October 23, 2011

ഒരു സമസ്യാ പൂരണം.

ചിന്തിച്ചിടാത്ത പുതുകേരള യാത്രികര്‍ നല്‍
ക്കുന്തം കണക്കു മുതുകത്തമരുന്ന ബാഗാല്‍
അന്തിയ്ക്കു വീടണയുമെന്നെയിടിപ്പതെല്ലാം
ചിന്തിച്ചുനൊന്തുകഴിയുന്നൊരു മട്ടിലീ ഞാന്‍.

Tuesday, October 18, 2011

മാകന്ദത്തിന്‍ മധുഭരഫലം തേടുമാനന്ദസാന്ദ്രം
ബാല്യം ചിന്താരഹിതസുതരാം തീരുമാമോദകാലം.
വാസന്തപ്പൂമണമണയുവാന്‍ വാസനാവാസമാകാ
നിര്‍മ്മാല്യത്തൂസുമനസമനം മേവുമാ നല്ലകാലം.
വീണാക്വാണസമം മണിസ്വനമെഴും വാണീതരംഗങ്ങളില്‍

വാണാ സുന്ദരസര്‍ഗ്ഗവാഹിനിയിലായ് നീന്തിത്തുടിച്ചേനഹോ!

വീണേന്‍ പ്രൌഢവിചാരവാരിധിവശം കല്ലോലിനിയ്ക്കൊപ്പമായ്

കാണാം മുഗ്ദ്ധ മനോജ്ഞമുത്തുസദൃശം ജ്ഞാനം തിളങ്ങുന്നതായ്.

Monday, October 10, 2011

നിളനീളെ

ആതപം കൊണ്ടുടല്‍ വേവുംസമീരണ-
ന്നാധിയാലങ്ങിങ്ങുമോടിടുമീയിടം
ആരണ്യമോ മണല്‍ത്തിട്ടതന്‍,പാഴ്ച്ചെടി-
യ്ക്കാവാസ കേന്ദ്രമോ നീര്‍ക്കുണ്ടുകള്‍ ചേര്‍ന്ന് ?

തെറ്റിദ്ധരിച്ചതോ? സത്യമോ? മിഥ്യയോ?
വറ്റിക്കിടക്കുമീ മൈതാനമോ നിള?
തുള്ളിക്കളിച്ചോണഗാനങ്ങള്‍ മൂളിയെ-
ന്നുള്ളിലോളംതല്ലി നീളുംനിളയിതോ?



സമ്പുഷ്ടസംസ്ക്കാരതീരങ്ങള്‍ സൃഷ്ടിച്ചു
സംവത്സരങ്ങളിലൂടെയൊലിച്ചു നീ
സമ്പന്നഭാരതീവാഹിയായ്,യിന്നു നീ
സംഗീതമുണരാത്ത പാഴ്വീണയായോ!

ചുറ്റും മുഴങ്ങുന്ന താളമേളം തീര്‍ത്തു
ചുറ്റിക്കറങ്ങിയ നിന്‍ ഘോഷയാത്രകള്‍
കാറ്റില്‍പ്പകര്‍ന്നതാം ധ്വാനസങ്കേതങ്ങള്‍
പറ്റി നിന്‍ തീരങ്ങള്‍തീര്‍ത്ത സംഗീതങ്ങള്‍
ഏറ്റേറ്റു പാടിപ്പകര്‍ന്നു പൈമ്പാലുപോ-
ലൂറ്റിക്കുടിച്ചതി ധന്യയായ് കൈരളി.


വെന്നിടാനാകാത്ത വാഞ്ഛയുദിയ്ക്കയാല്‍
ഇന്നു നിന്‍ മോഹനതാരുണ്യ സൌഭഗം
മെയ്യേറിയൂറ്റിക്കുടിച്ചവരാരഹോ!
തയ്യലാളാം നിന്റെയുള്ളവും ചോര്‍ത്തിയോ?


മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രിതന്‍
പച്ചയാംപൂംചേല ചീന്തും ഖലന്മാര്‍ക്കു
പൂമലക്കൂട്ടങ്ങള്‍ നീളെച്ചുരത്തുന്ന
പൂന്തേന്‍ വരണ്ടാലുമെന്തു ചിന്ത?
സാന്ധ്യശോകം

ചൊടിയറ്റു വീഴുന്ന സൂര്യന്റെ കൺകളിൽ

പടരുന്നു വ്യഥകളരുണാഭം.

വിടകൊണ്ടിടും കർമ്മയോഗിതന്നുള്ളിലായ്

പടകൊണ്ടിടും കഥകളെന്താം.


കത്തിജ്വലിച്ചതാണിതുവരെയുമീഭൂവി-

ലത്രമേലൂർജ്ജം പകർന്നു.

വളരുന്ന തലമുറകളറിയുന്നതില്ലയീ

തളരുന്ന സവിതാവിനുള്ളം.


കടമിഴിക്കോണിനാലുൽസാഹമേകുന്ന

കമലവും വാടിക്കൊഴിഞ്ഞു.

തൻ കൂടുതേടിപ്പറന്നകന്നരുമകൾ.

നിന്നിടേണ്ടേകനിവനിനിയും.

ചെന്നാഴ്ന്നിടുന്നതോ മുന്നിൽ പരക്കുന്ന

വന്നാധിതന്നാഴിതന്നിൽ.

അന്ധതയിൽ വലയുമാറിരുളായി തുണയറ്റൊ-

രന്ത്യസമയങ്ങൾ ഹാ! കഷ്ടം.
രഥസഞ്ചാരം

തുംഗമനോഹരചിന്തകള്‍തൂക്കി-
യലംകൃതമാക്കിയ രഥവും തന്നു
നേരിന്‍ വേരുകളോടുംരഥ്യയില്‍
നേരേനോക്കിപ്പായാന്‍ ചൊന്നു.
ധന്യ പിതാക്കളെ! നിങ്ങള്‍ചൂണ്ടിയ
വീഥിയിലൂടെന്‍ രഥസഞ്ചാരം
ദുഷ്ക്കരമെത്രയ്ക്കറിയുകയിന്നീ-
വിഘ്നശതങ്ങളിടയ്ക്കണയുംഗതി.
നീളുംവഴിയുടെയിരുപുറവും ചേര്‍-
ന്നെത്തീടും പുതു കൈവഴിയൊക്കെ
കുടിലത മാളികകെട്ടിപ്പാര്‍ക്കു-
ന്നിടകളിലെത്തും മോഹനവഴികള്‍-
വശ്യമനോഹരവസ്ത്രംചാര്‍ത്തീ-
ട്ടടിമുടിമൂടിയ കപടവിചാരം
സ്വൈരവിഹാരം ചെയ്യും കവലകള്‍-
എയ്യും മോഹന വാഗ്ദാനങ്ങള്‍
വീശിയ വലതന്‍ വശ്യതയില്‍ വീ-
ണശ്വമിതഞ്ചും പതറീടാതെ-
യചഞ്ചലസാരഥി, നിങ്ങള്‍നല്‍കിയ
സുന്ദരസംസ്കൃതി, യെന്നെ നയിപ്പൂ.

മാനവചേതന ഭാവനചെയ്യും
മോഹനദര്‍ശനകല്‍പ്പനയെല്ലാം
ഒന്നയ്കൊണ്ടതുപോലാമുദയം-

തീരാത്താശകളോരോന്നായി
ചോരപൊടിഞ്ഞുതകര്‍ന്നടിയുമ്പോള്‍
താനെ ഡംഭം താഴും സമയം-

ഇവതന്നിടയിലെ നേരം മര്‍ത്യ-
ന്നിടതടവില്ലാതേകും സ്നേഹം
താപനമേറ്റുതളര്‍ന്നേതീരാം
പൂമഴ കൊണ്ടു വളര്‍ന്നേപോകാം.

കാഴ്ചകള്‍കണ്ടു രസിച്ചെന്‍ യാത്ര
വീഴ്ചകള്‍കണ്ടു കരഞ്ഞെന്‍ യാത്ര

പുംഗവനല്ലെന്നാലും, ഏതോ
സംഗരമോരാനാമെന്‍ യാത്ര.
08.04.10


ആസ്വാദകരാഗം

വരുമേയൊരു മധുപന്‍ മമമനതാരതിലുറയും
പുരുകാമന നിറയും പുതുമധുമാധുരിനുകരാന്‍
വിരിയുന്നതിനതിവാസനയരുളുന്നതു ശുഭമേ!
വിരവില്‍ മമവിരുതും പരമുണരുന്നിതു നിജമേ!

നറുവാസനയുതിരും നവനലഭാവനയെഴുവാന്‍
ചെറുതല്ലതുപകരും മൃദുകരലാളനമകമേ
കറുകും പദനികരം രസവചനംദൃശമിവനില്‍
നിറവായവ തവ മാറതിലണിയൂ മമകവിതേ!
വയ്യാ വേലി
========
കണ്ണുതുറിച്ചിട്ടെന്തിതു മാനവ !

ഈവണ്ണം നീ നോക്കുന്നു.

മണ്ണുപകുത്തിട്ടെണ്ണിടുവാന്‍ നീ

തീര്‍ത്തൊരു വേലിക്കമ്പിയിവന്‍.

കട്ടപിടിച്ചീ മണ്ണില്‍ പൂണ്ടൊരു

ലോഹക്കഷണം ഞാന്‍ മുന്നെ

കട്ടിയില്‍ നീട്ടീ നീ നിന്‍ ശക്തി

യടിച്ചുപരത്തീ നീ പിന്നെ

വലിച്ചുവലിച്ചെന്‍ പരുവമിതാക്കി

ടെന്‍ഷനിലാക്കി നീ യെന്നെ

ഇഴച്ചുപിരിച്ചെന്‍ മേനിയിലാകെ

മുള്ളെഴുവാനും തരമാക്കി.

ഭയവുംഭേദവും ആശങ്കകളും

മുറ്റിയ മൂഢന്‍ നീയിന്ന്.

ഉള്ളിലുറഞ്ഞുകിടക്കും സ്നേഹം

തുള്ളികളായിട്ടൊഴുകീ നിന്‍

ഹൃത്തടസാനുവിലൊരു കളഗീതം

തീര്‍ത്തതു കരുണാനദിയായാല്‍

ഇപ്പണിതന്നില്‍ ‍നിന്നൊരുമോചന-

മേകുമെനിയ്ക്കതു നിര്‍ണ്ണയമാം.

മൂശയിലിട്ടുതിളപ്പിച്ചെന്നെ

ലോലമനൊഹരമാക്കും നീ

വലിച്ചുപിടിച്ചൊരു വീണക്കുറ്റിയില്‍

വാഴിയ്ക്കും നീ തന്ത്രിയതായ്

പിന്നെന്‍ ഹൃദയം മീട്ടും രാഗം

ഖിന്നതതീര്‍ക്കും വരഗാനം

പാരിനു തുണയായ്ത്തീരാന്‍ ഞാനാ

വേദനയെത്രയുമേറ്റീടാം.


ഇങ്ങനെ മാനവചേതനനടുവേ


വിലങ്ങനെ നില്‍പ്പതു പാഴ്ജന്മം
വിശ്രാന്തിയിൽ.....

ഇരുളൊഴിഞ്ഞുപോയ് മെല്ലവേ ചെങ്കതിർ-
ച്ചുരുളഴിഞ്ഞിതാ വിരിയുന്നു മുന്നിലായ്
പൊരുളുയർന്നപോൽത്തെളിയുന്നു മാമക-
ത്തരളമാനസാകാശം പ്രശാന്തമായ്.
മൃദുലഭാവനാവീചികൾ തഴുകിയെൻ
വദനകുഡ്മളം വികചമായ് വന്നിതോ!
മധുരസാന്ദ്രമാം വാസനാതീർത്ഥമുൾ-
ക്കതിരിനോരത്ത് തുള്ളിനില്ക്കുന്നുവോ!
കഠിനയത്നിയാമേതോ കൃഷീവലൻ
തുടരെ നീർതളിച്ചുർവ്വരമാക്കിയീ-
തൊടികളൊക്കെ നൽ ഹരിതാഭമാക്കി ഹാ!
ചെടികളോരോന്നുമെത്രമേൽ മോഹനം.
പഴുതെ നിത്യവും പായും മനുഷ്യനീ-
പ്രകൃതിനല്കിടുന്നഭിരാമദർശനം
പലതുമറിയാതെ തേടുന്നു കൃത്രിമ-
പ്പുലരി പോലുമേ! കാലമേ! കൈതൊഴാം.
ത്വരിതയാന സഞ്ചാരമായ് ജീവിതം
പൊരുതിനേടുവാൻ മൽസരം താനതും
കരുതി നില്ക്കുവാൻ നേരമില്ലാ, വൃഥാ
കുരുതി നല്കലായ്ത്തീരുമെൻ യാത്രയിൽ.
കല്ലുടയുന്നു.
പൈദാഹത്താലംബുധി തേടി-
പ്പായുന്നർക്കനുമെന്നതുപോൽ
നൈദാഘം വൻ താണ്ഡവമാടി-
പ്പൊരിവെയിൽ തൂകും വേളയിലും
കൈയ്യാളുന്നൊരു ചുറ്റികയാലേ
തല്ലിയുടപ്പതു ലോകത്തിൻ
നെഞ്ചേറും കടുകുടിലതയാകും
കല്ലുകളോ? ഹേ!ബാലിക നീ!
സ്വാർത്ഥതപറ്റിക്കട്ടിപിടിച്ചവ
തീർത്തും പൊട്ടാക്കല്ലുകളാം
സാർത്ഥകമാമോ ജീവിതരണരവ-
മാർക്കും കർമ്മമിതൊരുനാളും?
പൂവണിമൃദുകരമാളും ത്വൽ സമർ
മേവിടുമെന്നും ച്ഛായകളിൽ
തൂവൽ വിരിപ്പതിനടിയിൽ സസുഖം
പാവകളൊത്തു രമിച്ചീടും
നീയോ! നീളും തണലായ്ത്തീരു-
ന്നായതുകണ്ടു നമിച്ചേ പോം
കായം ഭക്ഷണമകമേ കരുതാൻ
കുംഭം താനല്ലെന്നറിയുന്നു.
ധന്യേ! ജീവിതസംഗരമോരാൻ
വന്നു വിളിയ്ക്കും ശംഖൊലി നീ!
ഗ്രാമ സൌഭഗം

പായുമാ നഗര ജീവിതത്തിലുളവായതാം കൊടിയ ചൂടിനാല്‍

കായുമംഗമഖിലം പുകഞ്ഞവിധമായിതോ വിധി കഠോരമേ!

തോയരാശി പരിപുഷ്ടിയോടെ തിര തല്ലിടും വലയമാര്‍ന്നൊരെന്‍

തൂയനാടിതിനകത്തു വന്നു നിലകൊണ്ടിടൂ സുഖമറിഞ്ഞിടാന്‍.



ഊയലാടി വിലസിക്കുളിര്‍ത്ത വടിവില്‍ സമീരകരലാളനം

ശ്രീയെഴും തരുഗണം രസിച്ചു പുളയുന്നതും ദളകിലുക്കവും

തെയ്യമാടുവതുപോലെ തൈനിരകളാടിയാടി നിലകൊള്‍വതും

കായലോ കളകളാരവത്തൊടു വിലാസനാട്യമിയലുന്നതും



ശ്രേയമാര്‍ന്ന ഹരിതാഭ തൂര്‍ന്നു വരിയില്‍ വളര്‍ന്ന പരിശോഭയില്‍

ചായല്‍ പോലെ ചല ചാരു നെല്‍വയലു ചാരിടും ഭരിത ഭംഗിയും

സ്വീയമാമനുഭവങ്ങളാക്കി രുചിപൂണ്ടിടൂ നഗര ലോകമേ!

ആയതിന്നുവിലയിട്ടുകൊണ്ടിവ തുലയ്ക്കൊലാ പ്രവര മൂഢരേ!
കാറ്റേറ്റാല്‍ നിലയറ്റുചുറ്റി മുരളും പാഴുറ്റൊരീറ്റയ്ക്കു താന്‍

പറ്റീടും വിധമേറ്റ ജന്മമതഹം, മറ്റൊന്നുമല്ലാ സഖേ !

മുറ്റീടും മുദമിറ്റുമോമനരവം പോറ്റുന്നൊരോടക്കുഴല്‍-

ക്കീറ്റായ് മേ ഭവ! മാറ്റുമെങ്കിലതിനായ് വറ്റാത്ത നോവേറ്റിടാം.
കണികാണണം
============

വിതയ്ക്കാത്തൊരെന്‍ ജീവിതപ്പാടമൊപ്പം
വരണ്ടേ കിടക്കും പറമ്പിന്നു കാണ്‍കേ
മനസ്സില്‍പ്പെരുക്കും കൊടുംതാപവീര്യം
പുകയ്ക്കുന്നൊരക്ഷത്തിനെന്തു കണികാണാന്‍?

ചലിയ്ക്കും ദലങ്ങള്‍ ‍ചിലയ്ക്കുന്നനാദം
പൊഴിയ്ക്കുന്ന തേന്മാവൊരുക്കും ഫലങ്ങള്‍
പഴുത്തൊട്ടുതൂങ്ങിക്കിടക്കുന്നദര്‍ശം
പൊലിയ്ക്കാത്ത കാലത്തിനെന്തുകണി തരുവാന്‍‍?

വരിച്ചക്ക തൂങ്ങുന്ന മാറുംവിടര്‍ത്തീ
വയസ്സി‍പ്പിലാവിന്റെ വിശ്രാന്തനില്‍പ്പും,
ചുവട്ടില്‍ പുളയ്ക്കുംകരങ്ങളാല്‍നില്‍ക്കും
കുലയ്ക്കുന്നവാഴയുടെ വരഹരിതഭംഗിയും,

മണിത്തൊങ്ങലണിയുന്ന പൊങ്കൊന്നനല്‍കും
മനസ്സാകെ പൂക്കുന്ന വരവര്‍ണകാന്തിയും,
ചിരിതൂകിനില്‍ക്കുന്ന മഞ്ഞച്ചപൂവുകള്‍
വിരവില്‍ത്തെളിയ്ക്കുന്ന വിഷുവല്‍ പ്രകാശവും
തെളിയാത്ത കാഴ്ചയ്ക്കുനേരെ മിഴിച്ചിട്ടു
വളരും നിരാശയോടെന്തുകണികാണാന്‍?

മലര്‍ക്കെ തുറക്കു നിന്‍മിഴിയെന്നുചൊല്ലിയെന്‍
മനസ്സുംതൂറക്കുന്നമാതൃരവമില്ലാതെ,
പൊന്‍ നാണ്യമൊന്നുനീ വാങ്ങുകെന്നോതും
പിതൃത്വം പകര്‍ന്നതാംസുകൃതധനമില്ലാതെ,
വിഷുപ്പക്ഷിയോതുന്നസന്ദേശമേശാതെ,
വിത്തുമാകൈക്കോട്ടുമേന്തുവാന്‍ തോന്നാതെ,
മനുജ ജന്മത്തിന്റെ മൂല്യംഗണിയ്ക്കുന്ന
മഹിതശുഭസംസ്ക്കാരപരിമളംവീശാതെ,
മുരടിച്ചു മുള്ളെഴും മനസ്സിനകത്തിനി
മുദവരദഫലഭരിതകണിയെന്തൊരുങ്ങുവാന്‍?

***********************

മനസ്സേ! തമസ്സെഴുംനിന്റെ പൂമുറ്റത്ത്
വരകര്‍ണികാരങ്ങളില്ലായിരിയ്ക്കാം
നഭസ്സാംകളപ്പുര കൂട്ടുന്ന പൊങ്കതിര്‍-
ക്കറ്റതന്‍ കൂമ്പാരമൊന്നു കാണൂ
ഇറുക്കെയടച്ച നിന്മിഴി ശുഭ്രചിന്തയാല്‍
തുറക്കുകില്‍ക്കാണുന്ന നന്ദനാരാമം
അതുതന്നെഅതുതന്നെഅതുതന്നെഹൃത്തേ!
പുതുപുത്തനാം ഭാവമേകുംവിഷുക്കണി.
WRITTEN ON 26.03.2010
രാമഴ വീഴെ
വിണ്ണാം ക്ഷീരസരോവരത്തിലുലയും
വെണ്ണാമ്പലിന്‍ തൂസ്മിതം
കണ്ണിന്നുത്സവമേകുമാറു രുചിരം,
ഹൃദ്സാനുവും ദീപ്തമായ്.
തെന്നിത്തെന്നിയണഞ്ഞ തെന്നലലസം വൃക്ഷത്തലപ്പൊക്കെയും
ദണ്ഡിപ്പിച്ചൊരു മത്തിലാടിയുഴറീ,
മട്ടൊന്നുമാറുന്നുവോ?....

കട്ടിക്കന്മഷരേണു വീണു പടരും
വിണ്ണായി കാളിന്ദിപോല്‍,
അത്യുഗ്രദ്യുതിചീറ്റിടുന്നൊരുരഗം
ചിക്കെന്നതില്‍ പാഞ്ഞുപോയ്,
തട്ടിപ്പൊട്ടിയുരുണ്ടു പോയ്പലതതില്‍
‍പെട്ടെന്നതിന്‍ പാച്ചിലില്‍ തട്ടേറ്റോ?
സുഷിരം പെടുന്ന ഗഗനം ചോര്‍ന്നംബു വര്‍ഷിപ്പു ഹാ!

തിത്തിത്തിത്തിരവം വളര്‍ന്നൊരുമയില്‍ കൊട്ടുന്ന വന്‍ ഘോഷമായ്,
കുത്തിച്ചിന്നിയുയര്‍ന്നമുത്തുമണികള്‍ ഹൃത്തില്‍ പതിഞ്ഞെന്നതായ്,
എത്തിപ്പെട്ട സുഖം നുണഞ്ഞു വളരും മോദത്തിലാറാടിഞാന്‍.
മത്താണെന്നുമെനിയ്ക്കു രാമഴയതിന്‍ സംഗീതമേളാമൃതം.

ശാര്ദ്ദൂല വിക്രീഡിതം

Followers