ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

ഗ്രാമ സൌഭഗം

പായുമാ നഗര ജീവിതത്തിലുളവായതാം കൊടിയ ചൂടിനാല്‍

കായുമംഗമഖിലം പുകഞ്ഞവിധമായിതോ വിധി കഠോരമേ!

തോയരാശി പരിപുഷ്ടിയോടെ തിര തല്ലിടും വലയമാര്‍ന്നൊരെന്‍

തൂയനാടിതിനകത്തു വന്നു നിലകൊണ്ടിടൂ സുഖമറിഞ്ഞിടാന്‍.ഊയലാടി വിലസിക്കുളിര്‍ത്ത വടിവില്‍ സമീരകരലാളനം

ശ്രീയെഴും തരുഗണം രസിച്ചു പുളയുന്നതും ദളകിലുക്കവും

തെയ്യമാടുവതുപോലെ തൈനിരകളാടിയാടി നിലകൊള്‍വതും

കായലോ കളകളാരവത്തൊടു വിലാസനാട്യമിയലുന്നതുംശ്രേയമാര്‍ന്ന ഹരിതാഭ തൂര്‍ന്നു വരിയില്‍ വളര്‍ന്ന പരിശോഭയില്‍

ചായല്‍ പോലെ ചല ചാരു നെല്‍വയലു ചാരിടും ഭരിത ഭംഗിയും

സ്വീയമാമനുഭവങ്ങളാക്കി രുചിപൂണ്ടിടൂ നഗര ലോകമേ!

ആയതിന്നുവിലയിട്ടുകൊണ്ടിവ തുലയ്ക്കൊലാ പ്രവര മൂഢരേ!

No comments:

Post a Comment

Followers