ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

ഏകാന്ത ഗായകന്‍

കഥകളീവിചാരനേരത്ത് കവിതാവല്ലഭ വന്നു ശല്യപ്പടുത്തിയാല്‍ പിറക്കുന്നത് .....................

മഹാരാഷ്ട്രവാസക്കാലത്തെ, താരാഹാരമണിഞ്ഞെത്തുന്ന സുന്ദരമായ യാമിനിയുടെ സുഖദമായ നിശബ്ദതയില്‍ അകലെനിന്നൊഴുകിയെത്തുന്ന ഗ്രാമീണഗാനമാധുരിയുടെ അനുഭൂതി സ്മൃതി കോര്‍ത്തെടുത്ത പദമാലിക.


മുരളീരവസമ മധുരത പേറും
മാനസ ചോരണ നാദത്താല്‍
ആരൊരു ഗായകനെന്മന മാളിക
ആകെയുണര്‍ത്തിയുലയ്ക്കുന്നൂ.

നിദ്രാദേവി രസം വിട്ടിട്ടോ
നിര്‍ദ്ദയമെന്നെ വെടിഞ്ഞോടീ
വശ്യ നിശബ്ദതയോലും രജനീ
ദൃശ്യങ്ങളില്‍ ഞാന്‍ കണ്‍നട്ടൂ.
കണ്ടതു പഴയൊരു ചിത്രംമാനസ
പൂജാമുറിയിലിരുന്നതു താന്‍
പണ്ടൊരു വേളയില്‍ രാവിന്‍ സൌഖ്യം
കൊണ്ടുരസിച്ചതിനാലേഖം.
സുഖകരചിന്തകളുള്ളിലുണര്‍ത്തും
സുരുചിരചിത്രം പൊടിനീക്കാം
ഗ്രാമ വിശുദ്ധിയില്‍ നീന്തീടാന്‍ കൊതി
പൂണ്ടുനടപ്പവര്‍ കണ്ടീടൂ

വന്‍ നഗരങ്ങളിലൊന്നിന്‍ പ്രാന്ത
കുന്നുകളിലൊന്നിന്‍
വിസ്തൃതമാമടിവാരത്തില്‍ കൃഷി
വിസ്മൃതമാവാ ദേശത്തില്‍.

കരുത്തെഴും യുവ സൂര്യനോടൊപ്പം
മരുത്തുമെന്നും കളിയാടും
മൈലുകളോളം നീളെ ക്കാണും
മൈതാനം ഒരു ഭാഗത്തും
മാനവ വേര്‍പ്പുനുകര്‍ന്നു പൊടിയ്ക്കും
തൂനവ നാമ്പുകള്‍ മറുദിക്കും
രാജിച്ചീടും കരയതു നിത്യം
പൊടിമൂടും തരമെന്നാലും
സുന്ദരമാമാ ഭൂവിടമാളും
സൌധത്തിന്‍ മട്ടുപ്പാവില്‍,

താരാകീര്‍ണ്ണം വാനം മുകളില്‍
താരുകള്‍ തിങ്ങും പൂന്തോപ്പായ്
വിദ്യുത്ദീപ സഹസ്രം ദൂരെ
വീചികള്‍ വീശും വേശ്യകളായ്
വിഭ്രമമുള്ളില്‍ തീര്‍ക്കാന്‍ വണ്ണം
വശ്യതയുള്ള നിശീഥിനിയില്‍
കുളിര്‍സഹിയാഞ്ഞിട്ടുടലില്‍ പുണരും
കുട്ടിപ്പവനനെ മെയ് ചേര്‍ത്തു,

നില്‍ക്കുംവേളയില്‍ ആത്മവിചിന്തന
ശല്‍ക്കംതാനെ പൊഴിഞ്ഞപ്പോള്‍
വിശ്വവിശാലതയറിയാന്‍ മാനസം
അശ്വസമാനം പാഞ്ഞപ്പോള്‍
കാതിലലച്ചൊരു കളതരഗാനം
പാതിവഴിയ്ക്കു തടഞ്ഞെന്നെ.

സുഖദനിനാദതരംഗാവലികള്‍
പകരും പരമാനന്ദത്തില്‍
വിലയംചെയ്തറിയാതെനിന്നു
വിമലം ദിവ്യം ആ നിമിഷം

എങ്ങൊരു കളകണ്ഠത്തില്‍നിന്നും
പൊങ്ങിവരുന്നീ നാദശരം
തിങ്ങിടുമാവേഗത്താലെത്തീ
മങ്ങിയവെട്ടത്തില്‍ പ്പരതി
ചെറുതിരിയൊന്നുചിണുങ്ങിക്കത്തി
ചെറ്റുതെളിച്ചൊരു മണ്‍കുടിലില്‍.
കാണായ് താളംതുള്ളുംനാടന്‍
ഗാനതരംഗിണിതന്‍ പ്രഭവം
കണ്ണുമടച്ചു ലയിച്ചുസ്തുതിയ്ക്കും
തൊണ്ണൂറെത്തിയ കര്‍ഷകനെ.

മണ്ണില്‍ക്കൊത്തിക്കീറും പകലില്‍
വിണ്ണില്‍നോക്കി പ്പാടും രാവില്‍
ഏകാന്തന്‍ ആ ഗ്രാമീണന്‍ മമ
ശോകം തീര്‍ക്കും ധന്യനരന്‍.

No comments:

Post a Comment

Followers