ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

മണ്ടയില്‍ മിന്നിയ ദീപം

കരുണതന്‍ കരം നീട്ടിയീയവനിയില്‍
കാത്തു വച്ചിടും മണ്‍ ചിരാതൊക്കെയും
കമ്രമായ് തെളിച്ചീടുന്ന ഭാനുവേ!
കര്‍മ്മസാക്ഷിയാം പൊന്‍ ദീപമേ! തൊഴാം.

ആകെ കൂരിരുള്‍ തിങ്ങുന്ന മന്നിടം
ആണ്ടണഞ്ഞുപോം കൈത്തിരി ഞാനതില്‍
ആഞ്ഞുവീശും അധര്‍മ്മവാതം പിന്നെ
ആവതെങ്ങനെ പ്രോജ്വലിച്ചീടുവാന്‍?

കേവലസ്നേഹമൂറുന്നതന്തരേ
തേവിയാത്തിരി തെല്ലു തെളിഞ്ഞിടാം
ഉള്ളിലോര്‍മ്മയായ് നിന്മുഖമെപ്പൊഴും
ഉള്ളതുമിന്നു പോരിന്നു പോരുമോ?

ഉണ്മയങ്ങിങ്ങു മിന്നുമിടയ്ക്കിടെ
ഉണ്ട് നന്മതന്‍ താരസ്ഫുരണവും
എങ്കിലുമീയിരുട്ടിനെ വെല്ലുവാന്‍
എത്തണം തവ സുസ്മിത വീചികള്‍.

എങ്ങൊരിന്ദ്രഗോപം സത്യമേ! തവ
അങ്ങു ചെന്നിടും ചിത്തമോടി മുദാ.
എങ്ങു കാരുണ്യമൂറും മൃദുസ്വനം
അങ്ങുതന്നെയീ മാനസമുന്മുഖം.

നഷ്ടമാവാതെയിക്കൊച്ചു ദീപങ്ങള്‍
പുഷ്ടിയോടെ തെളിഞ്ഞു വിളങ്ങുവാന്‍
സ്പഷ്ടം ആ വെണ്മ തിങ്ങും കരങ്ങളാല്‍
തുഷ്ടി ചേര്‍ന്നു തലോടണം നിത്യവും.

No comments:

Post a Comment

Followers