ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

അന്യമായ ധന്യതകള്‍

തൊടികളില്‍ നിറച്ചാര്‍ത്തുമായ് നിന്നതാം
ചെടികളില്ലതിന്നിടവുമിന്നില്ലല്ലോ
പടികടന്നുഞാന്‍ നിന്നന്നുകണ്ടതാം
പടവുകള്‍കൊണ്ട മേടുകള്‍ എങ്ങുപോയ്?

പാറിടും ചെറുതുമ്പിയായ് മാനസം
മാറിടും അന്നിവിടെ എത്തീടുകില്‍.
പേറിടുംകുളിര്‍ തൂകിത്തലോടുവാന്‍
വേറെ വെളിയിടം തേടിയോ മാരുതന്‍?

ദൂരെ ചാരുവിലതിരിട്ടു നിന്നതാം
ഹരിതപൂരിത നെല്‍വയലേലയും
കരിനിറം ചേര്‍ന്ന പച്ചപ്പുതപ്പിട്ടു
ഗിരികളകലെയായ് കണ്ടതാം കാഴ്ചയും
സ്മരണതന്‍ഭുവില്‍ മാത്രമായ്;അത്രമേല്‍
പുരകളുയരുന്നു ചുറ്റിലും അതുമൂലം
തരുനിരകളും കാനനച്ചോലയും
ഇവിടെയന്യമായ് പോവതും കാണ്മു നാം.

No comments:

Post a Comment

Followers