ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

സംക്രമനേരത്ത്

വന്നിടൂ പുത്തന്‍ വിഭാതമേ ! നിന്‍ വര-
വല്ലകീസുസ്വനം കാതോര്‍ത്തിരുപ്പു ഞാന്‍.

തന്നിടൂ നവ്യമാം വര്‍ഷമേ ! ഇജ്ജഗ-
ത്തിന്നായി ശാന്തിദം സാന്ദ്രസംഗീതിക.

വന്നീടൂ ദീപ്തപ്രകാശം പരത്തി നീ
മിന്നല്‍ പോലെയതി ശീഘ്രമീ ഭൂമിയില്‍.

ഇന്നിന്റെയാമയമെല്ലാമകറ്റിടും
ഉന്നതമൌഷധമൊന്നുമായ് നീ വരൂ.

ചുറ്റും മുഴങ്ങുന്നതാസുര കാഹളം
മുറ്റും ഭയം പോറ്റുമാഹവ ഹുംരവം.

എങ്ങുമില്ലെങ്ങുമില്ലാനന്ദ സാന്ദ്രമാം
സംഗീതവാഹിനി പൊങ്ങും വചസ്സുകള്‍.

തിങ്ങും തമസ്സിലൊളിയ്ക്കും ചതിക്കുഴി-
യെങ്ങും നിറഞ്ഞതാമിന്നിന്റെ പാതയില്‍

മങ്ങിയകാഴ്ചയില്‍ വീണു പിടയ്ക്കുന്നു
പൊങ്ങുവാനാകുമോ? നീ തരുന്നാശകള്‍.

ഇല്ലിന്നു ഹൃദയത്തിലലിവിന്റെ തുള്ളികള്‍
വല്ലാത്തൊരൂഷര ഭൂവാണു ഹൃത്തടം.

അല്ലിന്‍ തപംകൊണ്ടു വാടിയ മോഹങ്ങ-
ളല്ലാതെയില്ല വിളങ്ങും വിളയതില്‍.

കേള്‍ക്കട്ടെ ഞാനൊരു പുല്ലാങ്കുഴല്‍ വിളി
നീളെത്തലോടുന്ന സുസ്നേഹവാദനം

സമ്പുഷ്ടസൌഹൃദം പാടുന്ന പൂവിളി
തുമ്പങ്ങള്‍ വേരോടെ മാറ്റുന്ന തേനൊലി.

എത്തിടൂ നീ പുതു വര്‍ഷമായ് കാലമേ !
പുത്തന്‍ പ്രതീക്ഷകളെങ്ങും മുളയ്ക്കട്ടെ.

No comments:

Post a Comment

Followers