ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

കീര്‍ത്തനാജ്ഞലി


സൂക്ഷ്മമാക്കപ്പെടുന്തോറും കരുത്തു കാട്ടുകയും വിശാലമാകുന്തോറും ഇല്ലാതാകുകയും ചെയ്യുന്ന മഹാവിസ്മയമാണ് മനസ്സ്.
മനസ്സില്ലാതാകുമ്പോള്‍ പിന്നെ എല്ലാം ആത്മീയം. പ്രകൃതിയുടെ ഉള്ളറ രഹസ്യങ്ങള്‍ സുതാര്യമായിത്തീരുന്നു.
പക്ഷേ സ്നേഹപാശത്താല്‍ കെട്ടപ്പെട്ടുകിടക്കുന്ന ജീവിതത്തിന്റെ സൌന്ദര്യം വെടിയുവാന്‍ വയ്യ തന്നെ.
ഇതിനെ വെല്ലുവാന്‍ ഉള്ള ബോധാംശത്തിന്റെ ശ്രമങ്ങളില്‍ ഈശ്വരന്‍ തെളിയുന്നു.
-------------------------------------------------------------------------------------------------------------
ഉള്ളില്‍ പതിഞ്ഞുകിടക്കുന്ന നാട്ടുപാട്ടുകളുടെ ഈണത്തില്‍ ഒതുങ്ങിയ ഒരു പിറപ്പ്............

മോഹിനിസുതനാമയ്യപ്പാ!തവ
മോഹനസുന്ദരരൂപത്തിന്‍
ദര്‍ശനമാത്ര കൊതിച്ചു ഭജിപ്പൂ
കര്‍ശനനിഷ്ഠയില്‍ അടിയങ്ങള്‍.

മുകിലുകള്‍ ചിത്രം ശോഭിയ്ക്കും മല
മുകളില്‍ വസിയ്ക്കും അയ്യപ്പാ!
പരമപവിത്രം ചാരുത ചേരും
തിരുനട പൂകാന്‍ ആശിപ്പൂ

മാലലമാലകള്‍ അന്തരമില്ലാ-
തലമലമുലയും വന്‍കടലില്‍
പലപലനിലയില്‍ തെരുതെരു നീന്തി
നിലനിന്നീടാന്‍ വലയുമ്പോള്‍
ആശ്രയമായ് തവ പാണികള്‍ മുന്നില്‍
ഒരു ഗതി നീട്ടിത്തെളിയുന്നൂ
നതജന പാലക ലോകേശാ! ബത!
കദനവിനാശക ഭൂതേശാ!
പദയിണപണിയും ഭക്തരിലണിയും
മുദമണിഹാരം നീയീശാ!

ജീവിതമൊരു ചെറു സഞ്ചാരം സുഖ
ഭാവുകചിന്താവ്യാപാരം
വിസ്മയജനകക്കാഴ്ചയില്‍ മുഴുകി
വിപഥവിചാരമുദിയ്ക്കുമ്പോള്‍
കര്‍മ്മവിപാകക്കെട്ടു കനത്തൊരു
താങ്ങാച്ചുമടായ് ത്തീരുമ്പോള്‍
അത്യുന്നതമാത്തിരുനടയേറി
അറിഞ്ഞുവിളിയ്ക്കാനല്ലാതെ
അന്യം ഒരു വഴിയുള്ളവരല്ല
അഗതികള്‍ ഞങ്ങള്‍ അയ്യപ്പാ!

പങ്കാകലിതം ശ്യാമം ദേഹം
പമ്പാസ്നാനം ചെയ്യാതെ
നിര്‍മ്മല സുസ്ഥിതി നിര്‍വൃതിയെങ്ങന
നിശ്ചയമാകും ശബരീശാ!

വന്മലമുകളിള്‍ നിന്നു പിറക്കും
നന്മതെളിഞ്ഞൊരു നദിയിങ്കല്‍
പദപതനം കൂടാതെ തവതിരു
പദനിനദം കേള്‍ക്കാനാമോ?

അംഗോപാംഗം ശുദ്ധിവരുത്തി
അംഗനചിന്തയകറ്റിനിറുത്തി
സംഗതകഴിവതുമൊഴിവാക്കീയതി
തുംഗമനോനിലയാര്‍ജ്ജിച്ച്
ലഘുതമമാകിയ മനവും തനുവും
ഖഗസമവേഗം നേരുമ്പോള്‍
വിപിനം താണ്ടും നിന്മല യാത്ര
വിഷമം തീണ്ടാ ശുഭയാത്ര.

ഹരിശിവനന്ദാ! എന്തനുവുംവ്രത
പരിനിഷ്ഠാശിഖി വെന്താലും
പുരുതരചിന്താശീലത്താല്‍ മന
മരുതാക്കും സുഖമെന്നാലും
വന്യത വഴിയെ താണ്ടിടാന്‍ നിറ
ധന്യത വളരെ പൂണ്ടീടാന്‍
ഉണ്മയ്ക്കുയരാനാകും പരിധിയില്‍
ഉര്‍വ്വിയില്‍ നില്‍ക്കെ ഉയര്‍ന്നീടാന്‍
ഭള്ളുതെറിച്ചിട്ടുള്ളു നിറച്ചൊരു
ചിന്തയുറയ്ക്കണമയ്യപ്പാ!

സുന്ദരനന്ദന!ഹന്ത! ചിരന്തന!
സന്തതചിന്തനമന്തരെ തേ
ഫണിധരമുരഹരതരവരസുരനിര
അണിനില്‍ക്കും നിന്‍ നടയെത്തും
മനമതില്‍ അന്‍പിന്‍ അമ്പൊന്നെയ്യുക
മണിധരകന്ധര! മഹിതധനുര്‍ധര!

ശരണം തരണം ശരവണസഹജാ!
ശരണം ശരണം ശാസ്താവേ!
ശരണം ശരണം നരവരനായകാ!
ശരണം ശരണം ശാസ്താവേ!


തുടക്കത്തിലെ ഒരുമിനുട്ട് നേരത്തെ കൊട്ടുസേവ ക്ഷമിയ്ക്കുമല്ലോ.
http://www.esnips.com/doc/0f96b5a8-9128-43d0-9d57-39e304341fd8/x.keerthananjali

No comments:

Post a Comment

Followers