ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Tuesday, December 29, 2009

ഒരു നവാബ്ദപ്രാര്‍ത്ഥന

ഹര്‍ഷ സുമ വര്‍ഷ ഭര ഭാസുര നവാബ്ദേ
ആര്‍ഷ സമ സൌമ്യ തരമാകിനവിഭാതം
ഘര്‍ഷ ദമ ശാന്തി തരുമാ സുദിന കര്‍മ്മോല്‍-
ക്കര്‍ഷ സമയം കരുതി നില്‍ക്കയധുനാ നാം.

ശോണ മണിവര്‍ണ്ണരഥമേറിയരുണാഭം
ചേണിയലുമാ ഗഗനസീമയതിലേകം
കാണുമതി ഭംഗിയെഴുമോമല്‍ മുഖരൂപം
താണുതൊഴുതാദരവിലോര്‍ത്തിടുകയേവം.


ഇന്നുവരെ വന്നിരുളിലാണ്ടുമരുതാഞ്ഞും
കുന്നളവു ചെയ്ത പടുപങ്കമതു മൂലം
ഹൃന്നിലയമുറ്റ ശുഭസമ്മിളിത മുറ്റം
നിന്നരിയ നന്നളിനിയാക്ക മമ ഭാനോ !

ഉന്മിഷസുമങ്ങളിലെഴുന്ന മകരന്ദം
ഉണ്ടു ശുകജാലമതു തീര്‍പ്പു ലയമേളം
ഉള്‍പ്പുളകമേറ്റു മനമാകെ ശുഭഭാവം
ഉള്‍ത്തെളിമയേകു സതതം ദിനപതേ ! മേ .

സര്‍വ്വദിശ രാശികളിലാ നിയത യാനം
ഉര്‍വ്വിയിലെ കാലപരിവര്‍ത്തന നിദാനം
നിര്‍വ്വഹണകര്‍മ്മമതിലാണ്ട തവ ശീലം
ഗര്‍വ്വകലെനീങ്ങുവതിനാര്‍ക്കുമതു മൂലം.

സൃഷ്ടിയവനം ഹനനമെന്നിവയിലെല്ലാം
ദൃഷ്ടിപെടുമര്‍ക്ക ! ഭവ ! നേര്‍ തെളിയണം മേ
പുഷ്ടമതി, ഭൂതദയയാദിയരുളേണം
ശിഷ്ടഹിതനേ !മിഹിര ! ഭാസ്ക്കര ! തൊഴുന്നേന്‍.

No comments:

Post a Comment

Followers