ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, June 7, 2009

കാവ്യദര്‍ശനം

ENNUM KOODEYUDAAYITTUM EPPOZHE.. SOOKSHMAMAAYI DARSHIKKUVAAN KOOTTAAKKIYULLOO. KAVITHAYUDE ULKKAAZHCHA LABHICHU ENNU THONNIYA NIMISHAM. KOUMAARA VIKAARATHODE ULKKONDAPPOL.

ഗ്രീഷ്മാതപം മൂഢമേറ്റതി ക്ഷീണനായ്
ഗ്രാമാങ്കമെത്തി കിടന്നൊന്നു ഞാന്‍
ദുര്‍ല്ലഭം സൌഭാഗ്യമീ ശാന്തവേളയില്‍
അനുഭവിച്ചീടുമേകാന്ത സൌഖ്യം.

അഭിരാമം ഓരോ വയല്‍ക്കെട്ടിലും ധന്യ
ഹരിതാഭ ചാഞ്ചാടും ഓമല്‍ക്കണി!
കുമിയുന്ന പ്രേമമോടൊഴുകിയെത്തും മരു-
ത്താമോദമേകിത്തലോടും സുഖം!
പ്രകൃതമാം മധുരമൃദുസ്വരജാലമോരോന്ന്
സുകൃതം ഇരുകാതിലും തീര്‍ക്കുമിമ്പം!

സന്ത്രാസമെല്ലാമകന്നുപോയ് ആനന്ദ
സന്ദായകം നേരമേറിടുന്നൂ.
വിമലമീ പ്രകൃതിതന്‍ രമണീയ കാന്തിയില്‍
വിലയിച്ചകം തെല്ലുറക്കമായോ?
ഓര്‍മ്മയൊഴിഞ്ഞുപോയ് ഓളങ്ങളില്ലാതെ
നിശ്ചലം നിര്‍വ്വാണനിദ്ര പൂണ്ടോ?
............

പരമമാം നിലവിട്ട് പതിവിലേയ്ക്കുണരുന്ന
പന്ഥാവില്‍ പതിയെയൊരു വരദര്‍ശനം!
സൌവര്‍ണ്ണശോഭയില്‍ മുങ്ങികുളിച്ചൊരു
സൌഭഗധാമം ചിരിച്ചു നില്‍പ്പൂ!


ഉള്ളറയിലെങ്ങോ ഉറങ്ങുന്ന മോഹമൊ-
ന്നുന്നിദ്രമാകുന്ന ചിറകനക്കം.
ഔത്സുക്യഭാരം പതിച്ചകപൊയ്കയില്‍
ഓര്‍മ്മകള്‍തന്‍ ഓളമാലതല്ലീ.
-----------

മിഴിവായി ചിത്രം, ആ കൌമാരകാലത്ത്
മിഴി തന്നു നിന്ന കുമാരികതന്‍.
കമ്രമാനയനങ്ങള്‍ അന്നെയ്ത രാഗങ്ങള്‍
കൊണ്ടതിന്‍ പുളകങ്ങള്‍ വീണ്ടെടുത്തൂ.
കന്മഷം കല്‍പ്പിച്ച് കള്ളമാം ദുര്‍മുഖം
കാട്ടിത്തിരിഞ്ഞതും കൂടെയോര്‍ത്തൂ.

തരളമായ്ത്തീര്‍ന്നതാം തനുവിലൊരു തൂവലിന്‍
തളരാത്ത പ്രേമത്തലോടലോ ഹാ!
ദിവ്യാനുഭൂതിയില്‍ മുഗ്ദ്ധമാം ഹൃത്തടേ
നവ്യാനുരാഗം മുളച്ചുപൊങ്ങീ.
കൌമാരഗര്‍വ്വം കഠോരമുപേക്ഷിച്ച
കാമിനീലേഖത്തില്‍ കണ്ണയച്ചൂ.

മൃദുലമാം ഭാവത്തിലാ മഞ്ജുകന്യയെ
മൃതമായ ഭയമാര്‍ന്ന് കണ്ടപ്പൊഴോ
കരുണയും സ്വപ്നവും കോണില്‍ നിറഞ്ഞതാം
കണ്ണുകള്‍ക്കെന്തൊരു വശ്യഭാവം!
സുസ്മിതവീചികള്‍ തട്ടിത്തിളങ്ങുന്ന
സുന്ദരത്തൂമുഖം വെണ്‍തിങ്കളാം!

തുംഗകാവ്യാംഗനയാമവള്‍ തന്നുടെ
അംഗലാവണ്യമൊന്നുറ്റു കണ്ടൂ.
സൌഷ്ഠവഭൂഷകള്‍ മിന്നും ഒതുങ്ങിയ
സൌരൂപ്യ ധ്വനിതങ്ങള്‍ ഹൃദ്യമായി.
നിറമുള്ള മൂടിയാല്‍ മൂടി സൂക്ഷിയ്ക്കുന്ന
നിറകുടക്കാഴ്ചയില്‍ വിസ്മൃതനായ്.

വേഗം വളര്‍ന്നതാം ഉള്‍ക്കാമമോടതില്‍
വേപഥു പൂണ്ടെന്‍ വിരല്‍ തൊട്ടതും
അക്ഷയപാത്രങ്ങള്‍ ആ ദിവ്യകലശങ്ങള്‍
അക്ഷരക്ഷീരം ചുരത്തി മോദാല്‍.
അറിയാതെ ആ സുധ സ്വാദനം ചെയ്തുപോയ്
അടിമയായ് ആ സര്‍ഗ്ഗദേവിയ്ക്കു ഞാന്‍.
.........

സ്വസ്ഥമാം വേളയില്‍ കണ്ണടച്ചാല്‍ ഇനി
സ്വച്ഛമാ ചാരുത മുന്നില്‍ വരും.
ആ കങ്കണധ്വനി കാതില്‍ മുഴങ്ങിടും
ആ സ്വര്‍ഗ്ഗവാസന കൂടെയുണ്ടാം.

J.kavyadarsanam.mp...


No comments:

Post a Comment

Followers