ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, June 7, 2009

ഉയരങ്ങളില്‍

വാഗമണ്‍ ദര്‍ശനത്തില്‍ ഉയര്‍ന്ന
‘പരിസ്ഥിതി’ മനസ്ഥിതി


വിശിഷ്ടമേതോ പൊയ്കയില്‍ കുളി
ചെയ്തു പൊങ്ങുമുഷസ്സിനെ
കണ്ടുവോ മകളേ ! വിശുദ്ധത
കൊണ്ടുകൊള്‍ മതിയാം വരെ.

മഞ്ഞുമൂടിയ മലകളില്‍ കൈ-
കുഞ്ഞു മാരുത ലീലകള്‍.
കേട്ടുവോ കിളിജാലസ്വരലയം
ആണ്ടുനിര്‍വൃതി കൊള്ളുവിന്‍.

നില്‍പ്പൂ നാമീ ഹരിതമേരുവിന്‍
മുകളില്‍ ആഹാ! സുന്ദരം.
പ്രകൃതിയിതിലധിവാസമുള്ളവര്‍
എത്ര ഭാഗ്യം കൊണ്ടവര്‍!

ഉണരുമോ നാമെന്നുമിതുപോല്‍
വിമല കാന്തി പുണര്‍ന്നതായ്?
നോവു കൊണ്ടു ജനിച്ച മലിനത
പോയി ശുഭ്രമനസ്ക്കരായ്.

കപടമീയുലകം തരും വിഷ
മുള്ളു കൊണ്ടുകലര്‍ന്നതാം
നീലരാശിയിരുണ്ടുപോയ് ശുഭ
സത്യശോഭ വിളങ്ങുമോ?

എങ്കിലീ ക്ഷിതിവാസമെന്നത്
അന്യമില്ലാ ധന്യത
പുലരുമോരോ കാലവും പുതു
നന്മ കൊണ്ട് നിറഞ്ഞിടും.

കണ്ടു കണ്ടു പഠിച്ച വിശ്വ
സൃഷ്ടിതന്‍ നിയമങ്ങളെ
ഹസ്തതാരിലൊതുക്കുവാന്‍ കൊതി
കൊണ്ട മാനവ സഞ്ചയം

നഷ്ടമാക്കുവതെന്തു വരതര
സൌഖ്യമാണു നിനയ്ക്കു നീ
സുകൃതമീ പ്രകൃതീവരങ്ങളെ
തച്ചിടുന്നതോ നിര്‍മ്മിതി!

വത്സേ! നീയിനിയുണരണം
നവലോകഗതിയിതു മാറ്റണം
നിയതി തന്നുടെ ഇച്ഛ കണ്ടവ-
ളായി രചനകള്‍ തുടരണം.


K.uyarangalil.mp3

No comments:

Post a Comment

Followers