ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, June 7, 2009

ഹര്‍ഷവര്‍ഷം

കോരിച്ചൊരിയുന്ന മഴ

സ്ഥിതിയാകെ കുത്തിയൊഴുക്കുന്ന ശക്തിപ്രവാഹമാകാം.

എങ്കിലും ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങുന്ന പൂവര്‍ഷവുമാണ്.


ഈറന്‍ മുകില്‍മാലയാകെപ്പരന്നിരുള്‍
പേറുമാകാശം മുഴങ്ങിടുന്നൂ.
ചേററ്റ നീര്‍നൂലനേകം തിമിര്‍ത്തിനി
വീറോടെ പെയ്യുമീ മണ്ണിലേയ്ക്ക്.

ഹരിതാഭ ചൂഴുമീ നെല്‍വയല്‍ നിരനിരെ
നീര്‍കൊണ്ടു കുതിരുന്ന കാഴ്ച കാണാന്‍
നേര്‍ത്ത വരമ്പത്ത് നില്‍പ്പുഞാന്‍ ആര്‍ത്തിയാല്‍
ചീര്‍ത്തതാം മാനസമോടെ ഹാ! ഹാ!

തുള്ളികള്‍ തുള്ളികള്‍ നിപതിച്ചു മുന്നമായ്
തുള്ളിത്തുടങ്ങിതേ സസ്യജാലം.
വെള്ളപളുങ്കവയോരോന്നു ദേഹത്തു
കൊള്ളുന്നു; ഉള്ളം പുളഞ്ഞിടുന്നൂ.

ചിക്കെന്നൊരാരവത്തോടെ വന്നൂ മാരി
മുക്കിയീ ദേശം വിശുദ്ധമാക്കാന്‍.
നില്‍ക്കുവാനാവാതെ ഓടി ഞാനോരത്ത്
നില്‍ക്കുന്ന വന്മരച്ചോട്ടില്‍ നിന്നൂ.

വെള്ളിതന്‍ വള്ളികള്‍ കട്ടിയില്‍പ്പാകിയ
വെള്ളത്തിരശ്ശീലയോ ചുറ്റിലും?
കൊള്ളും സുഖം കൊണ്ട് കമ്പനമാര്‍ന്ന ഞാന്‍
കൊള്ളിച്ചു മാറത്ത് കയ്യുരണ്ടും.

കണ്ണടച്ചാസ്വദിച്ചൂ താളബദ്ധമാം
വിണ്ണിടും പീയൂഷ വര്‍ഷഘോഷം.
തിണ്ണമില്ലാ നേരം ഉള്‍പ്പൂ കുളിര്‍ത്തു ഞാന്‍
തണ്ണീര്‍ കുതിയ്ക്കുമാ മണ്ണില്‍ നിന്നൂ.

പിന്നെശ്ശമം കൊണ്ട പൂമാരി നേര്‍ത്തതായ്
മന്നിതോ വാരീവിലാസരംഗം.
ചിന്നിച്ചു വെള്ളം പദങ്ങളാല്‍ ചുറ്റിലും
പിന്നിട്ടതില്ല ഞാന്‍ ബാല്യമെന്നോ?

No comments:

Post a Comment

Followers