ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, June 7, 2009

പ്രേമകീര്‍ത്തനം


കൌതുകദായക ദര്‍ശനം തേടിടും
കൌമാര നൈര്‍മ്മല്ല്യമേ വരിക
കാതരമാം മിഴിത്താരുകള്‍ പാടിടും
കാമനാ ഗീതങ്ങളേ വരിക.

തൂകുകെന്‍ തൂലികത്തുമ്പിലായ് തേന്‍ കണം
പൂകട്ടെ മാധുര്യമീ വരികള്‍
കേമമാക്കീടണം ഈ ഭാവ ഗീതകം
പ്രേമികള്‍ പാടി പകര്‍ന്നിടട്ടെ.

രാഗാര്‍ദ്ര ലോലമാം ചിത്തസൌഖ്യം കൊണ്ട
രാമ വിശുദ്ധമാം രൂപങ്ങളേ
നല്‍കുകീ പൂബാണ പൂജയ്ക്ക് യുക്തമാം
നല്‍കുസുമങ്ങള്‍ തന്‍ രൂപഭംഗി.

പ്രേമം തഴയ്ക്കുന്ന ഹൃത്തട കോടികള്‍
ഭൂമിക തന്നിലെ പൂവാടികള്‍
മൂളി പറന്നിടും വണ്ടായ്, ആ വാടിയില്‍
തൂളിടും തേന്‍ തുള്ളി ഒന്നെങ്കിലും
ഉള്ളില്‍ പകര്‍ന്നിടാന്‍ ആയെങ്കില്‍ ആരിലും
കള്ളം പടര്‍ന്ന ദീനം മാറിടും.

വാരിദമില്ലാത്ത വാനം തെളിഞ്ഞപോല്‍
നേരായ സ്നേഹം തുളിമ്പിടുന്ന
നേരങ്ങള്‍ ഹൃത്തിലുണര്‍ത്താതിരിക്കുമോ
വാരിപ്പുണര്‍ന്നിടാനുള്ള മോഹം.

പുല്‍കുവാന്‍ നിര്‍മ്മല പ്രേമസ്വരൂപമൊ-
ന്നുല്പലം സൂര്യനെ എന്നപോലെ
എപ്പൊഴും കാത്തിരുപ്പുണ്ടെങ്കില്‍ ജീവിതം
സ്വല്‍പ്പവും നോവിനാല്‍ പൊള്ളുകില്ലാ.

വിശ്വത്തിലുള്ളവയെല്ലാം പരസ്പ്പരം
വിശ്വാസമോടെ ചരിച്ചീടുവാന്‍
വിശ്വവിധായകന്‍ കോര്‍ക്കുന്നു സര്‍വ്വവും
വിസ്തൃത പ്രേമമാം സൂത്രത്തിനാല്‍.

സ്വാര്‍ത്ഥതാ നാമത്തില്‍ ഒന്നുണ്ട് ഭൂലോക
സ്വാസ്ഥ്യം കെടുത്തും ഒരന്യസൂത്രം
സാമര്‍ത്ഥ്യം അത്രയ്ക്കു വേണം ആ നശ്വര
‘സാധനം’ സത്വരം വേര്‍തിരിപ്പാന്‍.

No comments:

Post a Comment

Followers