ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, June 7, 2009

വിനയാന്വിതം


മാതൃത്വത്തോടുള്ള ആദരം
സാന്ദര്‍ഭികമായി സന്നിവേശിയ്ക്കപ്പെട്ടപ്പോള്‍


രജനിതന്‍ വശ്യനിശബ്ദതയില്‍
വിജനമാം വീഥിയില്‍പ്പെട്ടുനില്‍ക്കെ
ഇരുല്‍മുടിച്ചാര്‍ത്ത് നിവര്‍ത്തിയേതോ
വരനാരിപോലെന്റെ വിദ്യാലയം
മാടിവിളിയ്ക്കുന്നു മാതൃഭാവംപൂണ്ട്
മായികലോകത്തകപ്പെട്ടു ഞാന്‍.
മെല്ലെചലിച്ചു ഞാനാസവിധം പൂകി
തെല്ലുവളര്‍ന്നൊരു പുത്രനായി.
മാറോടണച്ചെന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ച
മാതാവിന്‍ വാത്സല്യച്ചൂടറിഞ്ഞു.
“പരസഹസ്രം പുണ്യപുത്രരെപ്പോറ്റിയ
പരമദയാനിധിയാം സാധ്വി നീ
അമ്മേ! നിനക്കിന്നു സൌഖ്യമല്ലേ?
അമ്മിഴി എന്തേ നനഞ്ഞു കാണ്മൂ?”
വെളിവായ തിങ്കളിന്‍ മുഴുവട്ടമോര്‍ത്തോ
ഒളിവായി മന്ദഹസിച്ചിതമ്മ
“മകനേ! ഞാനോതിയ ഗണിതത്തിലിന്നിനി
മറയാതെ നില്‍ക്കുന്നതാ ഫലമാം
മറ്റുള്ളതൊക്കെയും വിഫലമറിയുക
മരണമില്ലാ ശൂന്യമന്ത്യഫലം.
നിത്യമാം സത്യമാണാശൂന്യമതിനാലെ
നീയിന്നു കൂട്ടുന്നതെല്ലാം വൃഥാ.
എന്നെങ്കിലും നിന്റെ മോഹങ്ങളെല്ലാമാ
ഉന്നത സത്യം ഗുണിച്ചെടുക്കും.”
ഊറുന്നസ്നേഹമോടാമടി ചേര്‍ത്തെന്നില്‍
ഉണ്മതന്‍ പാഠം പകര്‍ന്ന ശേഷം
പലപഴംകഥകളും ചൊല്ലിയൊടുവിലായ്
പരിഭവച്ചൂരലെടുത്തുകാട്ടി.
“എന്നും മടിയനായ് എന്മടിതേടി നീ
എത്തുന്നതെന്തിനോ വന്‍ കുസൃതീ!”
ഝടിതിയൊരുത്തരം ചൊല്ലുവാനാവാതെ
പടുതയാല്‍ മൂകം ചിരിച്ചൊഴിഞ്ഞൂ.
വര്‍ണ്ണാഭമാം പീലി നീര്‍ത്തും മയില്‍ തന്റെ
വന്‍ പുറമേറി വിശ്വംചുറ്റിലും
ചെമ്മേ തിളങ്ങുന്ന താരങ്ങള്‍നോക്കിയി-
ട്ടമ്മതന്‍ മടിയില്‍ കിടന്നിടുമ്പോള്‍
ഉള്ളില്‍ നിറഞ്ഞിടും ശാന്തി ലഭിയ്ക്കുമോ
ഉള്ളതു ചൊന്നാല്‍ അലസമുദ്ര.

No comments:

Post a Comment

Followers