ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Saturday, June 14, 2008

കന്നിക്കെട്ട്

ഏകാന്തതയുടെ സൌഖ്യത്തില്‍ കടലാസുതോണികള്‍ ഒഴുക്കി വിട്ടു രസിച്ചിരുന്ന കാലം വഴിമാറി. ലൌകികതയുടെ വശ്യതയില്‍ ആണ്‍ടുതുടങ്ങിയ മുതിര്‍ന്ന മനസ്സ് ഉരുവപ്പെടുന്ന കളിവന്‍ചികളുടെ മാറ്ററിയുവാന്‍ കൊതിച്ചു തുടങ്ങിയിരിക്കുന്നു.

കറുപ്പുറ്റ കളവും കരാള നഖമുനകളും വഴിയില്‍ കാത്തിരിപ്പുണ്‍ടാവാം. എങ്കിലും ഉന്നതമായ ദര്‍ശനങ്ങള്‍ തേടി ബൂലോകത്തിലേയ്ക്ക്.
യാത്രാനുമതി തേടി പാഥേയശകലം സഹൃദയ സുഹൃത്തുക്കള്‍ സമക്ഷം .................

‘അസ്ന കരയുന്നു' എന്ന പ്രക്ഷേപണ പരിപാടിയിലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ , അകാലത്തില്‍ അപ്രത്യക്ഷമായ , സതീര്‍ത്ഥ്യന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ എഴുതപ്പെട്ട പദനിര്‍ദ്ധരി --
സ്മാരകം

സംവല്‍സരമൊന്നു പൂര്‍ണമായ് , നമ്മുടെ
സമ്മാനിതനായ കൂട്ടുകാരന്‍
ഒട്ടും കലാശം ചവിട്ടാതെ ഈ ലോക -
രംഗം ഹാ ! പെട്ടെന്ന് വിട്ട ശേഷം .

അന്നീ തുരുത്തിലുണര്‍ന്ന സൂര്യന്‍ തന്റെ
അക്ഷികള്‍ ഏറെ ചുവന്നിരുന്നു
എന്നും ഉലാത്തുന്ന തെന്നലോ കണ്ണുനീര്‍
നന്നായ്‌ നനഞ്ഞു കുതിര്‍ന്നിരിന്നു

നിന്നില്ല ഏറെനാള്‍ എങ്കിലും ഹൃത്തടേ
നിന്നിടും മാതിരി ആടീ ദൃഢം

വാസമൊരു ഹൃസ്വ വാസരമെന്കിലും
വാസന ചേരുന്ന ജന്മം വരം

സ്വാര്‍ത്ഥമടിഞ്ഞു മേല്‍ പറ്റിപ്പിടിച്ചിട്ടു
തീര്‍ത്തും കരിങ്കല്ലിനൊക്കുന്ന ഹൃത്തിലും
ആഴ്ന്നു തറയ്ക്കുമാ 'റസ്ന' തന്‍ രോദനം
ആഞ്ഞു കൊള്ളിച്ചതീ നേരവും വിങ്ങുന്നു
ആകവേ നൊമ്പരക്കാര്‍ കൊണ്‍ടിരുണ്ട് പോം
ആത്മാവില്‍ ഇണ്ടല്‍ തന്‍ പേമാരി പെയ്യുന്നു

********

കുത്തിയൊലിച്ചു പോയ് അസ്വസ്ഥ ഭാവങ്ങള്‍
മെത്തിടും ശാന്തത പൊന്‍വെയില്‍ തൂകുന്നു
മെല്ലെ തെളിഞ്ഞിടും ധന്യമാം ഓര്‍മകള്‍
വല്ലകീ തന്ത്രിയില്‍ മീട്ടിടട്ടെ :-

മാന്തോപ്പുപേക്ഷിച്ചു തൂമലര്‍ വാടിയില്‍
ജീവിതമോടി അണഞ്ഞ കാലം
ഭംഗികള്‍ വിരിയുന്നതറിയാതെ അന്ധനാം
ഭൃംഗമായ് ശാന്തതയാര്‍നിരിക്കെ
തുംഗാനുരാഗ പരാഗം പരത്തുമാ -
റെങ്ങുമേ ഭംഗിയില്‍ പാറിയെത്തും
പങ്കമകന്നൊരു പൂമ്പാറ്റ തന്നുടെ
കിങ്കിണി നാദമുണര്‍ത്തി പിന്നെ
മേദുര സൌഹൃദ ഭാവം നുകര്‍ന്നിട്ടു
മേളിച്ചു പാടിയതെത്ര തന്നെ
പാടവം കൂടുമാ നാടക ചോടുകള്‍
കൂടെ ചവിട്ടിയതെത്ര പിന്നില്‍

ദീര്‍ഘമാം കായത്തിനൊപ്പം വളര്‍ന്നതാം
ദീനാനുകമ്പയും ആ നാദവും
ഉന്നതമാക്കിയിരിപ്പിടം അപ്പോഴും
ഉല്കൃഷ്ടമായ് കണ്ടതാ വിനയം

നാടിന്നു വേണ്ടിയുണര്‍ന്നു തളിര്‍ത്തൊരാ
നാവിന്റെ ബാക്കിപോല്‍ ഇറ്റിടുന്ന
വാക്കുകള്‍ കൊണ്‍ടൊരു സ്മാരക ഗോപുരം
തീര്‍ക്കട്ടെ നിഷ്ണാതനല്ലെന്‍കിലും


“എല്ലാം തനിയ്ക്കായ്‌ ചമയ്ക്കുവാന്‍ പാഞ്ഞു കൊ-
ണ്‍ടെന്തെന്തു കുല്‍സിത വൃത്തികള്‍ ചെയ് വൂ നാം
സത്യങ്ങള്‍ കാണാതിരിക്കിലോ സൌഖ്യങ്ങള്‍
നിത്യമായ് നില്‍ക്കുമെന്നാശിപ്പൂ മൂഢര്‍ നാം

കാണും വരമ്പിനുമപ്പുറം ഉള്ളിലെ
കണ്ണിനാല്‍ കാണുവാനായിടാത്തോര്‍
കല്പ്പിയ്ക്കും ഭേദങ്ങള്‍ ശീലിച്ചുറപ്പിച്ചു
അല്പ്പമല്ലാവിധമന്ധരായോര്‍
മുറ്റും ഗുണമുള്ള ചെന്താമരയ്ക്കായി
ചേറ്റിലും ചെല്ലുമെന്നോര്‍ത്തിടാതെ
കല്പന ചെയ്യുന്നു നിഷ്ഠൂര വൃത്തികള്‍
വില്പനയാക്കുവാ —നമൃത് പോലും

മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രി തന്‍
പച്ച പൂംചേലയഴിപ്പവര്‍ നാം
നഗ്നയായ് നഗ്നയായ് നാണമൊഴിഞ്ഞൊരു
ഭഗ്നയാണെന്‍കിലും ഉര്‍വി തന്റെ
ഉള്ളില്‍ ഉണരും ഉദാത്തമാം ഭാവങ്ങള്‍
തള്ളി പ്പുറത്തേയ്ക്ക് വാര്‍ന്നിടുമ്പോള്‍
തുള്ളിയൊഴുകുന്ന ചാലുകള്‍ പോലുമേ
തുള്ളിയുമില്ലാതെ ഊറ്റിയോര്‍ നാം”


കണ്‍ടിടാം അക്ഷര സ്മാരകമാമിത്
പൂണ്‍ടിടും ചിന്തകള്‍ എപ്പൊഴുമേ
ആണ്ടുകള്‍ തോറും സതീര്‍ത്ഥ്യന്റെ ഓര്‍മകള്‍
കൊണ്‍ടു കൊണ്ടര്‍പ്പിയ്ക്കാം അഞ്ജലികള്‍.

2 comments:

  1. അക്ഷരസ്മാരകം കണ്ടൂ കരങ്ങളി-
    ലുല്‍ഫുല്ലമാം കരകൌശലവും
    വേണ്ടപോലേ വളമേറ്റി ത്തെളിയ്ക്കുകില്‍
    കൈരളി തന്നംഗഭംഗിയേറും ..

    ReplyDelete
  2. അതിശയോക്തിയുണ്ട് എന്ന് തോന്നുന്നു എങ്കിലും നിര്‍ദ്ദേശം പോലെ ശ്രമിച്ചു കൊള്ളാം.

    ReplyDelete

Followers